കവിയൂർ ഗ്രാമ പഞ്ചായത്തിൻറെ ചരിത്രം
ദക്ഷിണേന്ത്യയിലെ ശൈവമതക്കാരുടെയിടയില് അതിപ്രശസ്തങ്ങളായ ശിവക്ഷേത്രങ്ങളില്‍ പ്രാചീനതകൊണ്ടും പ്രതിഷ്ഠാമാഹാത്മ്യം കൊണ്ടും പ്രധാനപ്പെട്ടതാണ് കവിയൂര്‍ മഹാദേവര്‍ക്ഷേത്രം. കൊല്ലവര്‍ഷം 721-ാംമാണ്ട് പുലിയൂര്കീഴ് തൃക്കോവില്‍ ഗ്രന്ഥവരിയില്‍ കപിയൂര് അക്കരെ ചിറക്കരയെപ്പറ്റി സൂചനയുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ കൊല്ലവര്‍ഷം 4051,4052 (എ.ഡി.950,952) എന്നീ വര്‍ഷങ്ങളില്‍ രണ്ടുശാസനങ്ങള് വട്ടെഴുത്തുലിപിയില്‍ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിനു വടക്കുഭാഗത്തു തിരുനെല്ലിക്കുന്നിന്റെ നെറുകയില്‍ തിരുനെല്ലിസ്വരൂപത്തിന്റെ ആസ്ഥാനവും, തിരുനെല്ലിക്ഷേത്രവും സ്ഥിതിചെയ്തിരുന്നതിന്റെ നഷ്ടാവശിഷ്ടങ്ങള്‍ കാണുന്നുണ്ട്. കവിയൂര്‍ മഹാക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കായി സ്ഥിതിചെയ്യുന്ന തൃക്കക്കുടിഗുഹാക്ഷേത്രം ചരിത്രാന്വേഷകരില്‍ കൌതുകമുണര്‍ത്തുന്ന ഒന്നാണ്. നാലേക്കറോളം വരുന്ന പാറയുടെ ഒരു വശം തുരന്ന് നിര്‍മ്മിച്ചിട്ടുള്ള ഈ ഗുഹാക്ഷേത്രം പല്ലവശില്പകലയുടെ ഉത്തമമാതൃകയാണ്. ഇത് എ.ഡി.7-ാം നൂറ്റാണ്ടിലോ 8-ാം നൂറ്റാണ്ടിലോ നിര്‍മ്മിച്ച ഒരു ബുദ്ധവിഹാരമോ, ജൈനവിഹാരമോ ആകാമെന്ന് അനുമാനിക്കപ്പെടുന്നു. കേരളത്തില്‍ ബുദ്ധ-ജൈനമതങ്ങളെ ഉന്മൂലനം ചെയ്തതിനേത്തുടര്‍ന്ന് ഹൈന്ദവക്ഷേത്രമാക്കി മാറ്റിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. കവിയൂര്‍ മഹാദേവര്‍ക്ഷേത്രത്തിലെ മനോഹരങ്ങളായ ദാരുശില്പങ്ങള് പ്രസിദ്ധമാണ്. മഹാഭാരതകഥയില്‍ വിവരിക്കുന്ന സാക്ഷാല്‍ കദളീവനം കവിയൂര്‍ ആണെന്നാണ് ഐതിഹ്യം. കല്യാണസൌഗന്ധികം അന്വേഷിച്ച് പുറപ്പെട്ട ഭീമസേനന് മാര്‍ഗ്ഗമധ്യേ തടസ്സമായിക്കിടന്നുറങ്ങുന്ന വൃദ്ധവാനരനോട് ഈ ദുര്‍ഘടസ്ഥാനത്തു വന്നുശയിയ്ക്കുവാന് നിനക്കെന്തെടാ തോന്നുവാന്‍ എന്നു കവിഭാവനയില്‍ വിവരിക്കുന്ന ദുര്ഘടസ്ഥാനം കവിയൂരിന്റെ പ്രാന്തപ്രദേശമായി നാമിന്നറിയുന്ന തൃക്കൊടിത്താനമാണത്രെ. മത്തിമല എന്ന പേരിലറിയപ്പെടുന്ന കുന്നിന്‍പ്രദേശം ഒരു കാലത്ത് കുരങ്ങന്മാരുടെ (മന്തികളുടെ) ആവാസകേന്ദ്രമെന്ന നിലയില്‍ മന്തിമല എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. 1854-ല്‍ സ്ഥാപിതമായ കവിയൂര്‍ കണിയാമ്പാറ സി.എം.എസ്സ് പള്ളി ഈ നാട്ടിലെ ഏറ്റവും പുരാതനമായ ക്രിസ്തീയദേവാലയമാണ്. പുതിയ പഞ്ചായത്തുകളുടെ ആദ്യരൂപമെന്ന നിലയില്‍ തിരുവിതാംകൂര്ഭാഗത്തു രൂപീകൃതമായ വില്ലേജു യൂണിയനുകളിലൊന്നായിരുന്നു കവിയൂര്‍. 1953-ല്‍ കവിയൂര്‍, കുന്നന്താനം എന്നീ രണ്ടു പഞ്ചായത്തുകള്‍ നിലവില്‍ വന്നു. കവിയൂരിലേയും തൊട്ടടുത്ത പ്രദേശങ്ങളിലേയും ഭൂരിഭാഗം പ്രദേശങ്ങളും കവിയൂര്‍ ദേവസ്വംവകയും ബാക്കിയുള്ളവ ചുരുക്കം ചില ബ്രാഹ്മണജന്മിമാരുടേയും വകയായിരുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചുകഴിയുന്നവരാണ്. 1953-ല്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ സി.കെ.പത്മനാഭന് പ്രസിഡന്റായ ഭരണസമിതിയാണ് നിലവില്‍ വന്നത്. കേരള നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയുമായിരുന്ന റ്റി.എസ്.ജോണ്‍ കവിയൂര്‍ പഞ്ചായത്തിലെ ആദ്യകാല മെമ്പര്‍മാരില്‍ ഒരാളായിരുന്നു. പ്രസിദ്ധനായ ചിത്രകാരന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും മലയാള ചലച്ചിത്രരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിയ കവിയൂര്‍പൊന്നമ്മ, പാര്‍വ്വതി, സുപ്രസിദ്ധസംഗീതജ്ഞ ഡോ.സി.കെ.രേവമ്മ, ചാക്യാര്‍കൂത്ത് വിദഗ്ധന്‍ പി.എന്‍.നാരായണന് ചാക്യാര്‍, നാടകരംഗത്ത് പ്രശോഭിച്ചിരുന്ന പാറക്കടവില്‍ മത്തായി എന്നിവരും കവിയൂരിന്റെ സാംസ്ക്കാരികരംഗം ധന്യമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിരുന്നു. ഐ.എ.എസ് മത്സരപരീക്ഷയില്‍ ഒന്നാം റാങ്കു കരസ്ഥമാക്കിയ രാജുനാരായണ സ്വാമിയും ഈ ഗ്രാമവാസിയാണെന്നുള്ള വസ്തുത പ്രസ്താവയോഗ്യമാണ്.